കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ഒന്പത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന ഒരു മത്സ്യബന്ധന ബോട്ടും പിടിച്ചെടുത്തു.
ജാഫ്നയിലെ ഡെൽഫ് ദ്വീപിന് തെക്കുഭാഗത്ത് അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്ന് തങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവേശിച്ചതിനാലാണ് കസ്റ്റഡിയിലെടുത്തതെന്ന് ലങ്കൻ നാവിസ സേന അറിയിച്ചു. പിടിയിലായവരെ കങ്കേശൻതുറൈ തുറമുഖത്തെത്തിച്ച ശേഷം തുടർ നിയമനടപടികൾക്കായി ഫിഷറീസ് ആൻഡ് അക്വാട്ടിക് റിസോഴ്സസ് വകുപ്പിനു കൈമാറി.